+91 889 1000 155
Register Login

കെണികളില്ലാത്ത ഗൃഹാന്തരീക്ഷം

            ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് കൗമാരത്തിന്റെ ശക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഒരു ക്ലാസ് എടുത്ത ശേഷം സ്ഥാപനത്തിന്റെ ഗസ്റ്റ് റൂമില്‍ വിശ്രമിക്കുമ്പോള്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതിയോടെ രണ്ട് പെണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്നു. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ദുഃഖവും കുറ്റബോധവും നിസ്സഹായതയും പ്രകടമാണ്. അവളുടെ കൂട്ടുകാരിയാണ് അവര്‍ വന്ന കാര്യം പറഞ്ഞു തുടങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് വിഷാദമുഖിയായ ഈ പെണ്‍കുട്ടി ഒരു റീച്ചാര്‍ജ് ഷോപ്പില്‍നിന്ന് അവളുടെ നമ്പര്‍ റീച്ചാര്‍ജ് ചെയ്തതാണ് തുടക്കം. അതില്‍പിന്നെ ‘സ്‌നേഹസമ്പന്നനായ ഒരു നല്ല യുവാവിന്റെ’ വിളി ഇടക്കിടെ വരാന്‍ തുടങ്ങി. തുടക്കത്തിലെല്ലാം ഈ വിളികളെ ദേഷ്യത്തോടെയും അവജ്ഞയോടെയും നിരാകരിച്ചെങ്കിലും പിന്നെപ്പിന്നെ അറിയാതെ ആകര്‍ഷണീയമായ ആ വിളിയെ അവള്‍ പ്രതീക്ഷിക്കാന്‍ തുടങ്ങി. ഒരു തെറ്റും ചെയ്യുകയില്ല എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന രക്ഷിതാക്കള്‍ നല്‍കിയ സ്വാതന്ത്ര്യത്തെയാണ് താന്‍ മുതലെടുക്കുന്നത് എന്ന ബോധം അവളില്‍ കുറ്റബോധം ഉണര്‍ത്താന്‍ തുടങ്ങി. ക്രമേണ അവന്റെ വിളികള്‍ നിരസിക്കാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

            അവള്‍ പിന്‍വലിയുകയാണെന്ന് മനസ്സിലാക്കിയ ‘സ്‌നേഹസമ്പന്നനായ നല്ല യുവാവിന്റെ’ പ്രകൃതം പെട്ടെന്ന് മാറിത്തുടങ്ങി. അവര്‍ തമ്മില്‍ നടന്ന ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ ‘വോയ്‌സ് മെസ്സേജു’കളായി അവളുടെ വാട്‌സാപ്പില്‍ വരാന്‍ തുടങ്ങി. നീ അവഗണിച്ചാല്‍ ഈ ക്ലിപ്പുകള്‍ ഞാന്‍ യൂടൂബിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

        അവന്‍ അയച്ച വോയ്‌സ് മെസ്സേജുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയുടെ ഐഡന്റിറ്റിയും വീട് നില്‍ക്കുന്ന സ്ഥലവും എല്ലാം അതില്‍ വ്യക്തമാണ്. എന്നാല്‍ അവന്റെ ഒരു ഐഡന്റിറ്റിയും വ്യക്തമല്ല. തന്നെ പരിധിയിലധികം വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്ത രക്ഷിതാക്കള്‍ ഇത് അറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളും, സമൂഹമധ്യേ അനുഭവിക്കേണ്ടിവരുന്ന വഷളത്തരങ്ങളും ആലോചിച്ചപ്പോള്‍ ജീവിക്കാന്‍ തന്നെ ഭയപ്പെടുന്ന ഒരു അവസ്ഥയിലായിരുന്നു എന്നെ വന്നു കണ്ട ആ പെണ്‍കുട്ടി.

        ഈ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അതിരുകളില്ലാത്ത വിവരസാങ്കേതിക വിദ്യയുടെ സ്വാധീന വലയത്തില്‍ ജീവിക്കുന്ന, കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ വ്യാപകമാണ്.


സോഷ്യല്‍ മീഡിയ

        Facebook, twitter, Whats app  പോലെയുള്ള സോഷ്യല്‍ മീഡിയ പുതു തലമുറയുടെ വ്യക്തിത്വ (Personality) രൂപീകരണത്തിനും സാമൂഹ്യ വല്‍കരണ (Socialisation) പ്രക്രിയയിലും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരു വ്യക്തിയുടെ ധാര്‍മ്മിക മൂല്യങ്ങളും വ്യക്തിത്വവും തീരുമാനിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ് ആ വ്യക്തിയുടെ അയല്‍പക്കവും സാമൂഹ്യ ചുറ്റുപാടും. ഓണ്‍ലൈന്‍ ആയി കാണുവാനും കേള്‍ക്കുവാനും സന്ദേശമയക്കുവാനും സാഹചര്യം ലഭിക്കുമ്പോള്‍ വ്യക്തികള്‍ തമ്മിലെ ഭൗതികമായ ദൂരം കുറയുകയാണ് ചെയ്യുന്നത്. സ്വകാര്യതയും സൗകര്യവും വേഗതയും സാധ്യമാവുന്ന ഇത്തരം ബന്ധങ്ങളില്‍ പക്വതയും രക്ഷിതാക്കളുടെ മേല്‍നോട്ടവും ഇല്ലാതിരിക്കുമ്പോള്‍ പൈശാചികതയും അധാര്‍മികതയും ഉടലെടുക്കുന്നു. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള ഓരോ വ്യക്തിയുടെയും താല്പര്യങ്ങള്‍ (Interests), ഇഷ്ടങ്ങള്‍ (Favourites), ബന്ധങ്ങള്‍ (Relationship), സന്തോഷങ്ങള്‍ (Posts), ഹോബികള്‍(Hobbies), വിശ്വാസം (Believes), അഭിപ്രായങ്ങള്‍ (Comments) എല്ലാം ഒരു വ്യക്തിയെ സ്വാധീനിക്കുന്നു .

        അന്യസ്ത്രീയും പുരുഷനും ഒരു റൂമില്‍ തനിച്ചാവുന്നത് ഇസ്‌ലാം നിരോധിച്ചതാണ്. പുരുഷന്‍ ഒറ്റക്കുള്ള സ്ത്രീയോട് സലാം പറയുന്നതും തെറ്റാണ്. മോശമായ ചിന്തകളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍. ഈ നിയന്ത്രണങ്ങള്‍ സോഷ്യല്‍മീഡിയയിലെത്തുമ്പോള്‍ മാറുന്നില്ല.

        ഇസ്‌ലാമിക പ്രമാണങ്ങളായ ഖുര്‍ആന്‍, സുന്നത്ത്, കര്‍മശാസ്ത്രം എന്നിവ കാലഘട്ടം എത്ര പുരോഗമിച്ചാലും കാലോചിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ജീവിതമാര്‍ഗരേഖകളാണ്. ഇത് മനസ്സിലാക്കി അംഗീകരിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിഞ്ഞാല്‍ നാം എവിടെയും തോറ്റ് പോവുകയില്ല. ഇസ്‌ലാമിന്റെ തത്വസംഹിത തന്നെ ധര്‍മം കല്‍പിക്കുക, അധര്‍മം വെടിയുക എന്ന വിഷന്‍ ആസ്പദമാക്കിയാണ് നിലകൊള്ളുന്നത്.

        ഇസ്‌ലാമിക ആശയങ്ങളുടെ മനഃശാസ്ത്രവശങ്ങളും പ്രായോഗിക രൂപവും ഉള്‍കൊണ്ട് ജീവിക്കുക എന്നത് തന്നെയാണ് ആധുനിക ലോകത്ത് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.

        വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങളെ പൂര്‍ണമായി നിസാരവല്‍കരിക്കുന്നതിനും അവജ്ഞയോടെ തള്ളുന്നതിനും പകരം, ഈ മാറ്റങ്ങളുടെ ഗുണവും ദോഷവും മനസ്സിലാക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലെ നന്മയും തിന്മയും വേര്‍തിരിക്കാനും വിലയിരുത്താനും സാധിക്കും.

        ഐഡന്റിറ്റി വ്യക്തമാക്കാതെ തന്നെ അനുഭവങ്ങളും ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സാഹചര്യംകൂടി ചില ആപ്പുകള്‍ തുറന്നു നല്‍കുമ്പോള്‍ തിന്മകളുടെ അണക്കെട്ടുകളാണ് പൊതുസമൂഹത്തിലേക്ക് തുറന്നുവിടുന്നത്.

        സന്ദേശങ്ങളും ഇമേജുകളും പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ ഐഡന്റിറ്റി വ്യക്തമാവുന്നില്ല എന്ന് ബാഹ്യമായി അവകാശപ്പെടുന്നുവെങ്കിലും കോണ്‍ടാക്ട് ലിസ്റ്റ് മുതല്‍ ടൈപ്പ് ചെയ്യുന്ന വാക്കുകളും സഞ്ചരിക്കുന്ന സ്ഥലങ്ങളും കൃത്യമായി കണ്ടെത്താന്‍ ഈ ആപ്പുകള്‍ക്ക് കഴിയുമെന്ന കാര്യം അധികമാരും ഓര്‍ക്കാറില്ല. ഓരോ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യുമ്പോഴും സൈന്‍ അപ് ചെയ്യുമ്പോഴും സ്‌ക്രീനില്‍ തെളിയുന്ന ടേംസ് ആന്റ് കണ്ടീഷന്‍സ് അംഗീകരിക്കുമ്പോള്‍ നമ്മുടെ സ്വകാര്യങ്ങള്‍ പരസ്യമാക്കുവാനുള്ള അനുവാദമാണ് നാം നല്‍കുന്നത്.

        കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള ഉപകരണങ്ങള്‍, വിരലനക്കങ്ങള്‍, മൗസ് ചലനങ്ങള്‍, ടൈപ്പ് ചെയ്യുന്ന കീകള്‍ എല്ലാം ഐ പി അഡ്രസ് മുഖേന ട്രാക്ക് ചെയ്യപ്പെടുന്നതുകൊണ്ട്, രഹസ്യമായി ചെയ്യുന്ന വീഡിയോകോളുകളും, സന്ദേശങ്ങളും ഫോട്ടോകളും യഥാര്‍ത്ഥത്തില്‍ രഹസ്യമല്ല എന്നറിയുക. മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയൊക്കെ വരുന്ന കുറ്റവാളികളെ വേഗം കണ്ടെത്താന്‍ കഴിയും എന്നത് ഇത്തരം സാധ്യതകളുടെ ഒരു നല്ല വശമാണ്.


സൈബര്‍ തേജോവധങ്ങള്‍

        വിവരസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയെ/ സംഘത്തെ മോശമായി ചിത്രീകരിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രക്രിയയാണ് ര്യയലൃയൗഹഹ്യശിഴ അഭിമാനം നഷ്ടപ്പെടുത്തുന്ന ഇത്തരം സൈബര്‍ ബുള്ളിംഗുകള്‍ മാനസിക സംഘര്‍ഷവും വിഷാദരോഗവും സൃഷ്ടിച്ച് പല വ്യക്തികളെയും നശിപ്പിച്ചിട്ടുണ്ട്.

        അതുപോലെ സോഷ്യല്‍ മീഡിയയും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ബ്ലാക്‌മെയില്‍ ചെയ്തും വിദ്യാര്‍ത്ഥികളെയും യുവതീയുവാക്കളെയും ചൂഷണം ചെയ്യുന്ന മാഫിയകള്‍ വളരെ വ്യാപകമാണ്. നമ്മള്‍ എപ്പോഴെങ്കിലും പോസ്റ്റ് ചെയ്ത സംഗതികളായിരിക്കും ഇവര്‍ ഉപയോഗിക്കുക. അബദ്ധം മനസ്സിലാക്കി പിന്നീട് നാം ഡിലീറ്റ് ചെയ്താല്‍ പോലും ഏതെങ്കിലും വിധേന അത് മറ്റൊരാള്‍ക്ക് പകര്‍ത്തിയെടുക്കാന്‍ കഴിയും. റിപ്പയറിംഗ് സെന്ററുകളിലൂടെയും മറ്റും ചോര്‍ന്നുപോകുന്ന രഹസ്യങ്ങള്‍ ഉപയോഗിച്ച് കുടുംബിനികളെയും കൗമാരപ്രായക്കാരെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നത് ഇതോട് ചേര്‍ത്തി വായിക്കുക.


സൗഹൃദ ഗൃഹാന്തരീക്ഷം

        വിവാഹമോചനം കഴിഞ്ഞ മുപ്പത്തഞ്ച് വയസ്സുകാരനുമായി ഓണ്‍ലൈന്‍ വഴി പ്രണയത്തില്‍ അകപ്പെട്ട, പത്താംതരത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുമായി, രക്ഷിതാക്കള്‍ വന്നു. ഇനി ഒരുവിധത്തിലും ആ കുട്ടിക്ക് അയാളുമായി ബന്ധം സൃഷ്ടിക്കാന്‍ കഴിയാത്ത വിധം ഇന്റര്‍നെറ്റ്, മൊബൈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അവളുടെ മനസ്സില്‍നിന്ന് ആ ആഗ്രഹം പൂര്‍ണമായി ഒഴിവാക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നതെന്ന് രക്ഷിതാക്കള്‍ എന്നോട് ബോധ്യപ്പെടുത്തി. ഞാന്‍ വിദ്യാര്‍ത്ഥിയെ കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ രക്ഷിതാക്കള്‍ അറിയാതെ ഇപ്പോഴും ഒരു മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്നും അവനോട് സംസാരിക്കാറുണ്ടെന്നും അവള്‍ മനസ്സ് തുറന്നു.

        രക്ഷിതാക്കളുടെ കര്‍ശന നിയന്ത്രണങ്ങളെ മറികടക്കാന്‍ കുട്ടികള്‍ അതിലും സമര്‍ത്ഥമായ മറ്റുവഴികള്‍ തുറക്കും. അത് രക്ഷിതാക്കള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. അതു കൊണ്ട് കുട്ടികളെ രക്ഷിതാക്കള്‍ അവരുടെ കൂടെക്കൂട്ടണം. ഒന്നും അന്യോന്യം പങ്കുവെക്കാതിരിക്കരുത്. മറ്റെന്തിനേക്കാളും എനിക്കെന്റെ രക്ഷിതാക്കള്‍/ എനിക്കെന്റെ മക്കള്‍ എന്ന നിലയിലേക്ക് നമ്മുടെ ഗൃഹാന്തരീക്ഷം നാം മാറ്റിപ്പണിയേണ്ടതുണ്ട്.

        മുഹമ്മദ് നബി(സ) ഒരു സമൂഹത്തെ മുഴുവന്‍ വൃത്തിഹീനമായ സംസ്‌കാരത്തില്‍നിന്ന് ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന വിധം സന്മാര്‍ഗത്തിലേക്ക് കൊണ്ടുവന്നത് കാരുണ്യവും സ്‌നേഹവും പരിഗണനയും നല്‍കിക്കൊണ്ടാണ്. കൗമാരപ്രായക്കാരോട് കൂട്ടുകാരെപ്പോലെ ഇടപഴകാനാണ് ഗസ്സാലി ഇമാമിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുള്ളത്.

        എല്ലാ പ്രയാസങ്ങളും എന്നോട് തുറന്ന് പറയണം എന്ന് പറഞ്ഞതുകൊണ്ട് മാത്രം മക്കള്‍ മനസ്സ് തുറക്കാന്‍ തയാറാവുകയില്ല. ഏത് പ്രയാസങ്ങളും സംഭവിച്ച തെറ്റുകളും തുറന്ന് പറയുന്നത് കേള്‍ക്കാന്‍ മാത്രം നമ്മുടെ മനസ്സ് വിശാലമാകണം. അപ്പോള്‍ മക്കള്‍ നാം പറയാതെതന്നെ അവരുടെ പ്രയാസങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാകും.

Write a comment

Please login or register to comment