+91 889 1000 155
Register Login

മാന്ത്രിക ചികിത്സയുടെ കാണാപ്പുറങ്ങൾ

    അന്ന് കൗൺസലിംഗ് സെന്ററിൽ നല്ല തിരക്കായിരുന്നു. ഒരു തലപ്പാവു ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ പുഞ്ചിരിയോടെ എന്റെ മുന്നിലിരുന്നു. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി.അകാരണ ഭയം, ശ്വാസംമുട്ടൽ, വയറിൽ അസ്വസ്ഥത, ശരീരം ചുട്ടുപൊള്ളുന്ന പോലെ, കണ്ണിൽ ഇരുട്ടുകയറും, തൊണ്ട വരളും.... അങ്ങനെ, ചില പ്രത്യേക സമയങ്ങളിൽ എല്ലാം ഒരുമിച്ചു വരും. ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. 2 വർഷമായി 'പല ചികിത്സകളും' ചെയ്യുന്നു. മാറ്റമില്ല, ഇപ്പോൾ ഒരു ഡോക്ടറുടെ മരുന്നും കഴിക്കുന്നു. ഇനി കൈവിഷം എടുക്കാനുണ്ട്, ഒരു 'പോക്ക് ' ശരിയാക്കാനുണ്ട്, മുമ്പ് കല്യാണം ആലോചിച്ച ഒരു പെൺകുട്ടിയുടെ 'ശാപം' ഉണ്ടെന്നും പറയുന്നു .. അങ്ങനെ പോയി പ്രശ്നാവതരണം. 

       ഉൽപത്തി മുതൽ മനുഷ്യൻ ഭയപ്പെടുന്നതിനെയും അവന്റെ ബുദ്ധിക്ക് ഇക്കൊള്ളാൻ സാധിക്കാത്തതിനെയുമെല്ലാം ആരാധിച്ചു പോന്നു എന്നതാണ് ചരിത്രം. (ദൈവിക പ്രബോധനം ബോധ്യപ്പെടാത്തതാകാം.) ഭയം മനുഷ്യനെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നു. അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ ഈ ഭയം സ്വാധീനിക്കുന്നുവെങ്കിൽ ജീവിത ചര്യകളിലും വ്യവഹാരങ്ങളിലും പറയേണ്ടതില്ലല്ലോ? 

    പറഞ്ഞു വരുന്നത് ചികിത്സാ രീതികളെക്കുറിച്ചാണ്. വിശ്വാസപരമായ വിദ്യാഭ്യാസവും മനസ്സിലാകാത്ത വസ്തുതകളുടെ (ഭയം!) വിശകലനത്തിനുള്ള വിവേചന ശക്തിയും കുറയുന്നതുമൂലം മനുഷ്യൻ പല വിപത്തുകളിലും ചെന്നുപെടുന്നു. 

    ശാസ്ത്ര സാങ്കേതിക വിദ്യകൾ വളരെയേറെ പുരോഗമിച്ച ഈ കാലത്തും രോഗങ്ങളെയും പ്രശ്നങ്ങളെയും എങ്ങനെ നേരിടണം എന്ന തിരിച്ചറിവ് സാമാന്യ ജനത്തിന് കൈവന്നിട്ടില്ല എന്നത് ഖേദകരമാണ്. എന്നാൽ സാധാരണക്കാർക്ക് തങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ Google ചെയ്തു നോക്കൽ പ്രായോഗികമല്ല എന്നത് യാഥാർത്ഥ്യം. പക്ഷേ, ചികിത്സകർ അങ്ങനെയാകുന്നത് അപലപനീയം തന്നെ! ബിരുദമെടുത്ത മെഡിക്കൽ ഡോക്ടർമാരിൽ പോലും ചിലർ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവം കാണുമ്പോൾ എന്തു പറയാൻ?

    എന്തായാലും, ഏതു വിഭാഗം ചികിത്സകരാണെങ്കിലും തങ്ങളുടെ മേഖല അല്ലാത്ത ( Specialized Area) ചികിത്സാവിധികൾ ആവശ്യമായി വരുമ്പോൾ ആ വിഷയത്തിൽ പരിചയസമ്പന്നരായവർക്ക് റഫർ ചെയ്യണം എന്നതാണ് നൈതികത. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സിക്കാൻ അംഗീകാരമുള്ള സെപഷ്യലൈസ്ഡ് വിഭാഗങ്ങളാണ് സൈക്യാട്രിസ്റ്റും (Psychiatrist) സൈക്കോളജിസ്റ്റും (clinical Psychologist). മാനസിക രോഗങ്ങൾക്ക് അലോപ്പതി മരുന്നുകൾ നൽകി സൈക്യാട്രിസ്റ്റ് ചികിത്സിക്കുമ്പോൾ മരുന്നുകളില്ലാതെയാണ് (Psychotherapy) സൈക്കോളജിസ്റ്റ് ചികിത്സിക്കുന്നത്. അതേ സമയം ആയുർവേദം യൂനാനി ഹോമിയോപ്പതി സിദ്ധ വിഭാഗങ്ങളിൽ ഇത്തരം മരുന്നുകൾ ഇല്ലെന്ന്  വാദിക്കുന്നില്ല. എങ്കിലും മാനസിക രോഗ സെപഷ്യലിസ്റ്റുകൾ ഇല്ലെന്നു തന്നെ പറയാം. 

    ഈ വിഭാഗത്തിലൊന്നും പെടാത്ത ചില ചികിത്സകർ എല്ലാ രോഗങ്ങൾക്കും ചികിത്സിക്കുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മാന്ത്രിക ചികിത്സ, ഭൂത, കുട്ടിച്ചാത്തൻ സേവാ ചികിത്സ, കൈവിഷ ചികിത്സ, ഹോമം തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു. ഈ ചികിത്സകരിൽ പലരും ശാരീരിക മാനസിക രോഗങ്ങൾക്കെല്ലാം ഒരു പോലെ ചികിത്സിക്കുന്നു എന്നതാണ് അദ്ഭുതം!

    മാനസിക രോഗങ്ങളെ രണ്ടു തരത്തിൽ പൊതുവേ വേർതിരിക്കാം. ലഘു മാനസിക പ്രശ്നങ്ങളെന്നും (ന്യൂറോ സിസ്) കഠിന മാനസിക പ്രശ്നങ്ങളെന്നും (സൈക്കോസിസ്) സാമാന്യമായി വിശദീകരിക്കാം. ഇതിൽ ഒന്നാമത്തെ ഗണത്തിൽ വരുന്ന രോഗങ്ങൾക്ക് ചിലപ്പോൾ ദീർഘകാല സൈക്കോ തെറാപ്പിയോ മരുന്നുകളോ വേണ്ടി വരില്ല. പക്ഷേ രണ്ടാമത്തെതിന് വേണ്ടി വന്നേക്കും. ഈ രണ്ടു ഗണങ്ങളിലും വരുന്ന മാനസിക രോഗങ്ങൾ ശാരീരിക രോഗങ്ങൾ പോലെ ഒരുപാടുണ്ട്. മാനസിക രോഗങ്ങളുടെ WHO പുറത്തിറക്കിയ പട്ടിക ICD-10 ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ രോഗങ്ങളുടെയൊന്നും തരമോ ലക്ഷണങ്ങളോ കാരണങ്ങളോ മനസിലാക്കാതെയാണ് പല ചികിത്സകരും അരങ്ങുവാഴുന്നത്. വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന വസ് വാസും (OCD) കുട്ടികളിലെ പഠന പ്രശ്നങ്ങൾ (LD) പോലും 'പൈശാചിക' ശല്യമാണെന്നു പറഞ്ഞു സാധാരണ ജനങ്ങളെ കബളിപ്പിച്ചു ജീവിക്കുന്ന വ്യാജന്മാരാണ് ഈ ചികിത്സകരിൽ കൂടുതലും. വേണ്ട രീതിയിൽ ചികിത്സാവിധികൾ പഠിക്കാതെ ഒരു തൊപ്പിയോ കാവി വസ്ത്രമോ ധരിച്ച് ഒരു പണിയുമെടുക്കാതെ സാധുജനങ്ങളെ കബളിപ്പിച്ച് ജീവിക്കുന്ന മാന്ത്രികരുടെ ഒരു പാട് ഇരകളെ കണ്ടിട്ടുണ്ട്. 

    ഈയടുത്ത ദിവസം ഈ വിനീതന്റെ കൗൺസലിംഗ് സെന്ററിൽ വന്ന ഒരു കേസുമാത്രം പറയാം. 17 വയസുള്ള പെൺകുട്ടിക്ക് 2 വർഷം മുൻപാണ് അകാരണമായ ഭയവും ആളുകളോട് ഇടപഴകാൻ പേടിയും ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും ചെയ്യാൻ തുടങ്ങിയത്. ഉടനെ തന്നെ ചില മന്ത്രങ്ങളെല്ലാം ചെയ്തു താൽക്കാലികാശ്വാസം കിട്ടിയെങ്കിലും പിന്നീട് വർധിച്ചു വന്നു. ഒടുവിൽ ഒരു സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശത്തിൽ മരുന്നു കഴിച്ചു തുടങ്ങി. അസുഖത്തിനു ശമനം വന്നു തുടങ്ങി. എങ്കിലും രക്ഷിതാക്കൾക്ക് മരുന്നു നിർത്തണമെന്ന സ്വാഭാവികമായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അവർ ഒരു സിദ്ധനെ പരിചയപ്പെടുന്നത്. മരുന്ന് നിർത്തിക്കൊടുക്കാമെന്നും രോഗം പൂർണമായി മാറ്റാമെന്നുമുള്ള അയാളുടെ വാക്കു വിശ്വസിച്ച് മരുന്നു നിർത്തി. അയാളുടെ നിർദ്ദേശപ്രകാരം അയാളോടൊത്ത് ഏർവാടിക്ക് കുടുംബസമേതം തീർത്ഥാടനം നടത്തി. ഒരുപാടു ചിലവുകൾ. അയാളുടെ ഫീസു വേറെയും. ആ രക്ഷിതാവിന്റെ വാക്കു കടമെടുത്തു പറഞ്ഞാൽ, 'കാശും പോയി, മരുന്ന് നിർത്തിയതോടെ കുട്ടിക്ക് അസുഖവും കൂടി.' ഞാൻ ചോദിച്ചു: എത്ര ചെലവായി? 'അത് കുറേ ആയി.' ആ ദയനീയ മുഖഭാവം കണ്ട് എനിക്ക് പിന്നെയൊന്നും ചോദിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം വീണ്ടും മരുന്നു കഴിച്ച് ഇപ്പോൾ ഏതാണ്ട് അസുഖം പൂർണമായി സുഖപ്പെട്ടു.

    ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത, മതപരമായ ആചാരാനുഷ്ഠാനങ്ങൾ പ്രാർത്ഥനകൾ എന്നിവയാൽ രോഗങ്ങർക്ക് ശമനമുണ്ടാകാം എന്നത് വസ്തുത തന്നെയാണ്. ഇതിന് ശാസ്ത്രീയ അടിത്തറ ഉണ്ടുതാനും. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഖുർആൻ ഓതുന്നതിലൂടെ തന്നെ രോഗ ശമനം (ശിഫാ) ലഭിക്കുമെന്നു തന്നെയാണ്. അതുപോലെ തന്നെ പൂർവികരായ മഹത്തുക്കൾ പഠിപ്പിച്ച ഇസ്ലാമിക ചികിത്സാ രീതികൾ, മന്ത്രം, മഹാന്മാരുടെ ആശീർവാദങ്ങൾ എന്നിവയെല്ലാം ഭൗതിക യുക്തി ചിന്തക്ക് നിരക്കുന്നില്ലെങ്കിലും ഫലം ചെയ്യുമെന്നതിൽ 'യഥാർത്ഥ' മുസ്ലിമിന് സംശയമുണ്ടാവില്ല. എന്നാൽ ഈ ശിഫാ മാനസിക രോഗങ്ങൾക്കും ശാരീരിക പ്രശ്നങ്ങൾക്കും ഒരുപോലെ ബാധകമാണ്. പക്ഷേ, മേൽ പറഞ്ഞ ഇസ്ലാമിക ചികിത്സാ രീതികൾ 'നന്നായി പഠിച്ചവർ' വളരെ കുറവും ഈ പേരിൽ ചികിത്സ നടത്തുന്നവർ എണ്ണിയാൽ തീരാത്തത്രയുമുണ്ട് എന്നതാണ് രസം.!

    ഇനിയാണ് നമുക്ക് മനസിലാവാത്ത ചില രീതികൾ ഇത്തരം വ്യാജ മാന്ത്രികർ ചെയ്യുന്നത്. മഞ്ഞപ്പിത്തം (Jaundice) വന്നാൽ മരുന്ന് കഴിക്കണമെന്നും സ്കിസോഫ്രീനിയ (Schezophrenia) വന്നാൽ മരുന്ന് കഴിക്കണ്ട ഹോമം നടത്തണം / തീർത്ഥാടനം നടത്തണം എന്നും പറയുന്നതിലെ സാംഗത്യം മനസിലാവുന്നില്ല! 

    ഈ വിഷയത്തിൽ ഒരു മതത്തിൽ മാത്രമല്ല ഇത്തരം തട്ടിപ്പുകാരുള്ളത്. ഏറ്റവും രസകരം ഇവരിൽ ഇന്റർ റിലീജിയസ് കോക്കസുകളും ഉണ്ട് എന്നതാണ്. മാനസിക പ്രശ്നങ്ങളാൽ കലശലായ ഛർദ്ദി (Psycho Somatic) ബാധിച്ച ഒരു കുട്ടിക്ക്, രക്തരക്ഷസ് ബാധയാണെന്നു പറഞ്ഞു അമ്പലപ്പൂജാരിയുടെ പൂജ ചെയ്യാൻ പറഞ്ഞയച്ച 'ഒസ്താദ് ' മുതൽ മുസ്ലിംകൾക്ക് ഖുർആൻ സൂറതുകളുടെ ലിസ്റ്റ് വെച്ച് ബഖറ ദിവസം 1001 തവണ ഓതി വരാൻ വരെ പറയുന്ന ഹിന്ദു സിദ്ധൻ വരെ ഇക്കാലയളവിൽ എന്റെയടുക്കൽ വന്ന പാവങ്ങളുടെ അനുഭവങ്ങളിൽ ചിലത് മാത്രം. രോഗം തുടങ്ങിയിട്ട് 9 വർഷമായി 4 വർഷം മുൻപു നിർമിച്ച വീട്ടിലെ അടുക്കളയുടെ സ്ഥാനം ശരിയല്ല മതില് പൊളിക്കണം എന്നൊക്കെ പമ്പരവിഡ്ഡിത്തം പറഞ്ഞു പാവങ്ങളെ കടക്കെണിയിലാക്കിയ സിദ്ധന്മാർ വേറെ.

    'സാറുടെ അടുത്ത് വന്നിട്ടാണ് എന്റെ രോഗം മനസിലായത്. ഇതിനു വേണ്ടി ചികിത്സക്ക് ലക്ഷങ്ങൾ ഞാൻ ചിലവഴിച്ചു. ഇവരെന്തിനാ സാറെ ഈ വിവരമില്ലാത്ത ഞങ്ങളെ ഇങ്ങനെ പറ്റിക്കുന്നത്?' എന്നു പറഞ്ഞ് നെടുവീർപ്പിട്ട യുവാവിനെ മറക്കാനാവില്ല.

    എന്തൊരു കഷ്ടമാണിത്! ഇത്തരം ചികിത്സകർ മാനസിക രോഗങ്ങളെക്കുറിച്ച് പഠിച്ചിട്ട് ചികിത്സിക്കണം എന്നു പറഞ്ഞാൽ നടക്കുമോ എന്നറിയില്ല. (അങ്ങനെ ശാസത്രീയമായി പഠിച്ച് ചികിത്സിക്കുന്ന ഉസതാദുമാരെയും തങ്ങന്മാരെയും ഒരു പാട് എനിക്കറിയാം). ഇതെല്ലാം പഠിക്കാൻ പറ്റിയ സാഹചര്യങ്ങളും മർകസ്  പോലുള്ള സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തിയാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി.

ഷംസീർ ഇബ്രാഹിം നൂറാനി

(Consulting Psychologist, Markaz Counseling Center)

PH: 8089091812


Write a comment

Please login or register to comment